ചരിത്രം
സാമൂഹ്യചരിത്രം
മലയാളത്തിന്റെ ആദ്യാക്ഷരവും, കലയും, സംസ്കാരവും ഉടലെടുത്ത പ്രദേശമായതു കൊണ്ടാവാം ഈ നാട്ടുരാജ്യം, നാടിന്റെ വെളിച്ചം എന്ന അര്‍ത്ഥത്തില്‍ “വെട്ടം” എന്ന പേരില്‍ അറിയപ്പെട്ടത് എന്നൊരു അഭിപ്രായം കാണുന്നുണ്ടെങ്കിലും, ആലങ്കാരികപ്രയോഗം എന്നതിനപ്പുറം അതുതന്നെയാണോ ഈ സ്ഥലനാമത്തിനു പിന്നിലെ ചരിത്രമെന്നു വ്യക്തമല്ല. ചരിത്രപ്രസിദ്ധമായ വെട്ടത്തു രാജ്യത്ത് സാമൂതിരിയുടെ മേല്‍ക്കോയ്മയ്ക്കു കീഴില്‍ ഭരണം നടത്തിയിരുന്നത് വെട്ടത്തു രാജവംശമാണ്. വെട്ടത്തു രാജവംശത്തിലെ അവസാന അനന്തരാവകാശി 1973 മെയ് 24-ന് അന്തരിച്ചതോടെ ഈ രാജവംശം അന്യം നിന്നുപോയി. ഇന്നത്തെ വെട്ടത്തുകാവ് ദേവീക്ഷേത്രത്തിനടുത്തായിരുന്നു രാജകൊട്ടാരം. രാജാവിന്റെ പരദേവതാ ക്ഷേത്രമായിരുന്നുവത്രെ വെട്ടത്തുകാവ് ദേവീക്ഷേത്രം. കഥകളിക്കു പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തിയതു വെട്ടത്തുരാജാവാണ്. ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പ്രദേശമാണിത്. പടയോട്ടകാലത്ത് പീരങ്കിപ്പടയ്ക്കു കടന്നുപോകാന്‍ ടിപ്പു നിര്‍മ്മിച്ച റോഡുകളെ അതുകൊണ്ടുതന്നെ ടിപ്പുസുല്‍ത്താന്‍ റോഡുകള്‍ എന്നാണ് ഇന്നും വിളിക്കുന്നത്. കൂടാതെ വെട്ടത്തുനാട്ടിലെ കുണ്ടനിടവഴികള്‍ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള ആക്രമണത്തെ തടയാന്‍ സഹായകമായി എന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കുടുംബത്തിന്റെ വേരുകള്‍ കൂട്ടായി പ്രദേശത്താണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായി നടന്ന പോരാട്ടങ്ങളോടൊപ്പം വീറോടെ നിലകൊണ്ടവരാണ് വെട്ടത്തുകാരും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള, 1921-ലെ മലബാര്‍ കലാപത്തിന്റെയും ഖിലാഫത്തുപ്രസ്ഥാനത്തിന്റെയും അലയടികള്‍ ഈ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. വെള്ളപ്പട്ടാളവും, ചണ്ടിപ്പട്ടാളവും ഇടയ്ക്കിടെ തിരൂര്‍-പൊന്നാനി പുഴ വഴി പൊന്നാനിയിലേക്കും, കനോലികനാല്‍ വഴി താനൂരിലേക്കും നീങ്ങിയതായി പറയപ്പെടുന്നു. പ്രസ്തുത ലഹളയില്‍ ഇവിടുത്തുകാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച നിരവധിയാളുകള്‍ ഇവിടുത്തുകാരായുണ്ട്. മംഗലത്തുകാരനും വെട്ടം കാരാറ്റുകടവ് സ്വദേശിയുമായ പൊത്താഞ്ചരി പുത്തന്‍വീട്ടില്‍ കുഞ്ഞന്‍നമ്പ്യാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്നു. കൂടാതെ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും നേതാജിയുമായി ഉറ്റബന്ധം പുലര്‍ത്തുകയും ചെയ്ത വെട്ടം സ്വദേശിയും ബര്‍മ്മയില്‍ വ്യവസായിയുമായിരുന്ന കെ.സി.അബ്ദുറഹിമാന്‍കുട്ടി ഐ.എന്‍.എ.യുടെ ഫണ്ടിലേക്ക് 2,50,000 (രണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപ നല്‍കിയത് ദേശസ്നേഹത്തിന്റെ എക്കാലത്തേയും വലിയ ഉദാഹരണമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ യൂണിറ്റ് രൂപീകരിച്ചത് കൂട്ടായി പ്രദേശത്തായിരുന്നു. ചേക്കുമരക്കാരകത്തു കുഞ്ഞിപ്പ സാഹിബായിരുന്നു അതിന് നേതൃത്വം നല്‍കിയതെങ്കിലും, പില്‍ക്കാലത്ത് കോണ്‍ഗ്രസ്സിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിന്റെ പിന്നിലെ ശക്തി പി.അലിഅക്ബര്‍ സാഹിബായിരുന്നു. മുസ്ളീംലീഗ് പ്രസ്ഥാനത്തിന്റെ മലബാറിലെ ആദ്യത്തെ ശാഖയും 1936-ല്‍ കൂട്ടായിയില്‍ തന്നെയാണ് തുടങ്ങിയത്. സി.കെ.വി മുഹമ്മദ് മുഹാജിര്‍ സാഹിബായിരുന്നു അതിന് നേതൃത്വം നല്‍കിയത്. പഴയകാലത്ത് ഈ പഞ്ചായത്തു പ്രദേശത്ത് ഗതാഗതരംഗത്ത് ജലമാര്‍ഗ്ഗം മാത്രമായിരുന്നു ഏക ആശ്രയം. കനോലികനാല്‍, തിരൂര്‍-പൊന്നാനി പുഴ എന്നീ ജലപാതകള്‍ തിരൂരിനെയും പൊന്നാനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു. എന്നാല്‍ 1967-ല്‍ തിരൂര്‍-പൊന്നാനി പുഴയ്ക്ക് കുറുകെ മാങ്ങാട്ടിരിയില്‍ പാലം വന്നതോടെ റോഡുമാര്‍ഗ്ഗമുള്ള ഗതാഗതം ആരംഭിച്ചു. 1977-ല്‍ താനാളൂര്‍ പഞ്ചായത്തിലെ ഉണ്ണ്യാലില്‍ കനോലികനാലിനു കുറുകെ വന്ന പാലം പഞ്ചായത്തിലെ പറവണ്ണ, കൂട്ടായി നിവാസികള്‍ക്കു തിരൂരുമായി ബന്ധപ്പെടാന്‍ എളുപ്പമാര്‍ഗ്ഗമായി. 1979-ല്‍ അരിക്കാഞ്ചിറയില്‍ പാലം വന്നതോടെ പഞ്ചായത്തിലെ റോഡുഗതാഗതം കൂടുതല്‍ സുഗമമായി എന്നു പറയാം. പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതിയെത്തിയത് 1953-ല്‍ മംഗലം പ്രദേശത്താണ്. 1950-കളുടെ തുടക്കത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സജീവസാന്നിധ്യം വെട്ടത്തുനാടിന്റെ പുരോഗതിയെ കാര്യമായി സ്വാധീനിച്ചു. ആര്‍.മുഹമ്മദ്, ഗോപാലമേനോന്‍, അലിഅക്ബര്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, എം.ആര്‍.നമ്പൂതിരി, അച്യുതന്‍ നമ്പൂതിരി, പള്ളീരി ഗോപാലന്‍, കമ്മുക്കുട്ടി, കെ.സി.ബാവ, കോരുസാഹിബ്, നമ്പീശന്‍, മുഹമ്മദാലി തുടങ്ങിയ നിരവധി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും, സി.മൊയ്തീന്‍കുട്ടി മാസ്റ്റ്റര്‍, സി.കെ.വി.കുഞ്ഞമ്മദ്, ആര്‍.കുഞ്ഞാപ്പ തുടങ്ങിയ മുസ്ളീംലീഗ് പ്രവര്‍ത്തകരും ഈ ഘട്ടത്തിലാണ് പൊതുരംഗത്ത് വരുന്നത്.
വിദ്യാഭ്യാസചരിത്രം
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഇവിടെ വിദ്യാഭ്യാസരംഗത്തിനു തുടക്കം കുറിക്കപ്പെട്ടു. അക്കാലത്ത് കൂട്ടായിയില്‍ ഒരു വിദ്യാലയം ആരംഭിച്ചിരുന്നു. വെള്ളക്കാരോടുള്ള ശക്തമായ എതിര്‍പ്പു കാരണം നാട്ടുകാര്‍ സ്കൂള്‍ ബഹിഷ്ക്കരിച്ചു. അതിനെ തുടര്‍ന്നു സ്കൂള്‍ നഷ്ടമാവുകയും മംഗലത്ത് മാറ്റി സ്ഥാപിക്കുകയുമുണ്ടായി. ഈ സമയത്ത് പൊന്നാനി സ്വദേശിയായ ഉസ്മാന്‍ മാസ്റ്റര്‍ എന്നൊരാള്‍ കൂട്ടായിയില്‍ വരികയും പ്രമുഖരുമായി ബന്ധപ്പെട്ടുകൊണ്ട് മതപഠനം ലക്ഷ്യമാക്കി ഒരു മദ്രസ്സ സ്ഥാപിക്കുകയും ചെയ്തു. മതപഠനത്തോടൊപ്പം ചെറിയ തോതില്‍ മാതൃഭാഷ എഴുതുന്നതിനും, വായിക്കുന്നതിനുമുള്ള ശിക്ഷണവും നല്‍കിവന്നു. മദ്രസ്സയുടെ നടത്തിപ്പിനു വേണ്ടി, “മദ്രസ്സത്തുല്‍ ഇഖ്വാന്‍ സഭ” എന്ന പേരില്‍ ഒരു കമ്മിറ്റിയുണ്ടാക്കുകയും, പ്രസ്തുത കമ്മിറ്റി മദ്രസ്സയുടെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്ന് റിട്ടയര്‍ ചെയ്ത അഹമ്മദ്കുട്ടി മാസ്റ്ററെ പ്രധാനാധ്യാപകനായി നിയമിക്കുകയും 3-ാം ക്ളാസ് വരെയുള്ള സ്കൂള്‍ ആയി അംഗീകാരം ലഭിക്കപ്പെടുകയുമുണ്ടായി. അങ്ങനെ മദ്രസ്സത്തുള്‍ ഇഖ്വാന്‍ എയ്ഡഡ് സ്കൂള്‍ എന്ന പേരില്‍ ഉദയം ചെയ്ത പ്രസ്തുത വിദ്യാലയമാണ് ഇപ്പോള്‍ കൂട്ടായി അങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന എസ്.എച്ച്.എം.യു.പി സ്കൂള്‍. അതിനുശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിതമായെങ്കിലും 1960-ലാണ് ഈ പഞ്ചായത്തില്‍ ആദ്യമായി കൂട്ടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമാവുന്നത്. പിന്നീട് പറവണ്ണയിലും ഒരു ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. മതപഠനരംഗത്തും ഈ പ്രദേശത്തുകാര്‍ മികച്ചു നിന്നു. കൂട്ടായി ബാവ മുസ്ള്യാരുടെ നേതൃത്വത്തില്‍ കൂട്ടായി പുതിയ ജുമു-അത്ത് പള്ളിയില്‍ ദര്‍സ്സ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ള്യാരാണ് 1951-ല്‍ രൂപീകരിച്ച സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1980-ല്‍ പറവണ്ണയില്‍ സ്ഥാപിതമായ തുഞ്ചന്‍ സ്മാരക ഗവ:കോളേജും, തൊഴിലധിഷ്ഠിത സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തിക്കാട്ടുന്നു.
സാംസ്കാരികചരിത്രം
ഏറെ കലാപാരമ്പര്യമുള്ള നാടാണ് വെട്ടം. കഥകളിക്കു പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തിയത് വെട്ടത്തുരാജാവാണ്. പ്രശസ്തനായ കഥകളി നടന്‍ വെട്ടത്തു ശങ്കരന്‍ ജനിച്ചു വളര്‍ന്നതും ഈ മണ്ണില്‍ തന്നെയാണ്. ആദിശങ്കരന്റെ പ്രഥമശിഷ്യനായിരുന്ന പത്മപാദര്‍ വെട്ടം മുല്ലപ്പള്ളി ഇല്ലത്താണ് ജനിച്ചു വളര്‍ന്നത്. മഹാകവി വള്ളത്തോള്‍ ആദ്യപാഠങ്ങള്‍ പഠിച്ചത് മംഗലം തെക്കുമ്പാട് മനയില്‍ നിന്നാണ്. വെട്ടത്തു രാജാവിന്റെ അംഗരക്ഷകനും വിശ്വസ്തനുമായിരുന്ന ചൊക്കാക്കയുടെ ജനനവും ഈ നാട്ടുരാജ്യത്തിലെ കൂട്ടായിയിലായിരുന്നു. വെട്ടത്തുനാട് രാജാവിന്റെ കോവിലകങ്ങളും അദ്ദേഹത്തിന്റെ പടനായകന്മാര്‍ ഒളിച്ചു നീങ്ങിയിരുന്ന കുണ്ടനിടവഴികളും കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിലും കാലത്തെ അതിജീവിച്ച് ഇന്നും ഇവിടെ കാണാം. മഹാകവി വള്ളത്തോളിനു ജന്മം നല്‍കിയ പ്രദേശം വെട്ടത്തിന്റെ തൊട്ടതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു. വള്ളത്തോള്‍ തറവാട്ടുകാരുടെ പാരമ്പര്യകാവ്യസിദ്ധി കൈമാറിക്കിട്ടിയവരാണ് വള്ളത്തോള്‍ ഗോപാലമേനോനും കുറ്റിപ്പുറത്തു കിട്ടുണ്ണിനായരും. സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടടുത്ത വര്‍ഷം സ്ഥാപിതമായ “മംഗലംകലാസമിതി”യിലൂടെ ചന്ദ്രശേഖരന്‍മാസ്റ്ററും, വിശ്വനാഥന്‍മാസ്റ്ററുമൊക്കെ തുടങ്ങിവെച്ച കലാപ്രവര്‍ത്തനങ്ങള്‍ 1950-കളുടെ രണ്ടാംപകുതിയില്‍ വെട്ടത്തുനാട്ടുകാരുടെ ആവേശമായി മാറി. ചെറുകാടിന്റെ ‘കുട്ടിത്തമ്പുരാട്ടിയും’ ‘തറവാടിത്ത’വുമൊക്കെ നാടെങ്ങും അരങ്ങേറിയപ്പോള്‍, വെട്ടത്തുനാട് ഒരു സാംസ്ക്കാരിക വിപ്ളവത്തിന്റെ തീപ്പന്തം ഏറ്റുവാങ്ങുകയായിരുന്നു. ഏകദേശം ഇക്കാലത്തുതന്നെയാണ് പച്ചാട്ടിരിയിലെ ഗ്രാമബന്ധു കലാസമിതി നാരായണന്‍ കുട്ടിനായര്‍, അച്യുതന്‍ മാസ്റ്റര്‍, കാദര്‍ കുട്ടിമാസ്റ്റര്‍, സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ‘നമ്മളൊന്ന്’, ‘കൂട്ടുകൃഷി’ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. മലയാള സിനിമാരംഗത്ത് അവസരം ലഭിച്ച പറവണ്ണ അബ്ദുറഹിമാനെപ്പോലെയുള്ള കലാകാരന്മാര്‍ പ്രസ്തുത നാടകങ്ങളിലൂടെയാണ് അരങ്ങത്തെത്തുന്നത്. കൂട്ടായിയിലെ കെ.എം.ബാപ്പൂട്ടിയും സംഘവും സംഗീതം, ഗാനരചന എന്നിവയിലൂടെ നാട്ടുകാരുടെയിടയില്‍ പ്രസിദ്ധരായിരുന്നു. വാക്കാട്ടുകാരനായ കെ.പി.കുട്ടി, വെട്ടത്തുനാടിന്റെ നാടകപാരമ്പര്യം തന്റെ സാമൂഹ്യനാടകങ്ങളിലൂടെ കാത്തുസൂക്ഷിച്ചു. വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെ പോയ തിരൂര്‍ ദാസും, ബീരാന്‍കുട്ടിയുമൊക്കെ നാടകരംഗത്തെ അക്കാലത്തെ പ്രതിഭകളായിരുന്നു. സവര്‍ണ്ണര്‍ക്കുമാത്രം താലപ്പൊലി എടുക്കാനവകാശമുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ കെ.കുഞ്ഞിരാമമേനോന്റെ പ്രതിഷേധം ഒരു കൊടുങ്കാറ്റായി തന്നെ പരിണമിച്ചു. ഉല്‍പതിഷ്ണുത്വത്തിന്റെ പേരില്‍, നാട്ടില്‍ നിന്നും ബഹിഷ്കൃതനായ കൂട്ടായിയിലെ സി.കെ.വി.മുഹമ്മദ് കുഞ്ഞി പില്‍ക്കാലത്ത്, മുഹമ്മദ് “മുഹാജിര്‍”(പ്രവാസി) എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നു. അമ്പതുകളുടെ അവസാനത്തെ പകുതിയില്‍ ടി.യു.രാധാകൃഷ്ണന്‍ മാസ്റ്റരുടെ പത്രാധിപത്യത്തില്‍ “വെട്ടത്തുനാട്” എന്നൊരു കൈയെഴുത്തുമാസിക ആലിശ്ശേരി കേന്ദ്രമാക്കി പ്രസിദ്ധീകരണമാരംഭിച്ചു. തുടര്‍ന്നുണ്ടായ ആവേശത്തില്‍ രശ്മി, കുസുമം, കലിക എന്നീ കൈയെഴുത്തു മാസികകള്‍ ഉദയം ചെയ്തു. വെട്ടം ബി.യു.പി.സ്കൂള്‍ മാനേജരും അധ്യാപകനുമായിരുന്ന സി.മൊയ്തീന്‍കുട്ടി മാസ്റ്റരുടെ പരിശ്രമഫലമായി ദേശപ്രകാശിനി എന്ന ഒരു ഗ്രന്ഥാലയം ഉണ്ടായത് അക്കാലത്താണ്. പച്ചാട്ടരിയിലെ ഗ്രാമബന്ധു വായനശാലയും പറവണ്ണയിലെ സിറാജുല്‍ ഉലും ഗ്രന്ഥാലയവും ഇതേ കാലയളവില്‍ തന്നെയാണ് തുടങ്ങിയത്. ഈ പ്രസ്ഥാനങ്ങള്‍ തുടങ്ങിവെച്ച സാംസ്ക്കാരിക മുന്നറ്റത്തിന്റെ ഫലമായി നിരവധി യുവാക്കള്‍ കലാസാംസ്കാരിക വേദികളിലും, പത്രപ്രവര്‍ത്തനരംഗത്തും പ്രശോഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തേങ്ങാത്തകോട്ട ദേവീക്ഷേത്രവും, തൊട്ടിയില്‍പളളിയും തൊട്ടുരുമ്മിനില്‍ക്കുന്ന കാഴ്ച മതമൈത്രിയുടെ ഉത്തമദൃഷ്ടാന്തമാണ്. ക്ഷേത്രത്തിലെ പ്രസാദമായ കാരോലപ്പം മുസ്ളീം തറവാടുകളില്‍ സ്വീകരിക്കപ്പെട്ടിരുന്നു. തൊട്ടിയില്‍ പള്ളിക്കുളത്തിനരികിലൂടെയാണ് മുസ്ളീങ്ങള്‍ സ്വമേധയാ വിട്ടുകൊടുത്ത സ്ഥലത്ത് അമ്പലത്തിലേക്കുള്ള പ്രധാനപാത നിര്‍മ്മിച്ചിരിക്കുന്നത്. കൂട്ടായിയിലെ നെച്ചിക്കാട്ടില്‍ ഔലിയായുടെ ജാറം ഹിന്ദുക്കളും മുസ്ളീങ്ങളും ഒരുപോലെ സന്ദര്‍ശിക്കുന്ന ഒരു തീര്‍ഥാടനകേന്ദ്രമാണ്. കായികരംഗം സജീവമാക്കിയ നിരവധിപ്രതിഭകള്‍ അമ്പതുകളുടെ അവസാനത്തോടെ വെട്ടത്തുനാട്ടില്‍ ഉയര്‍ന്നുവന്നു. മുല്ലക്കടവത്ത് അബ്ദുറഹിമാന്‍, സി.എം.പി.അബ്ദുള്ളക്കുട്ടി, ബാപ്പുട്ടി എന്നിവരുടെ പ്രവര്‍ത്തനഫലമായി പറവണ്ണയിലാരംഭിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് അയല്‍പ്രദേശങ്ങള്‍ക്കു പോലും ഒരു ഹരമായിരുന്നു. പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്ന എ.പി.അബ്ദുസ്സലാം (പറവണ്ണ), പി.പി.കോയമൊയ്തീന്‍ (കൂട്ടായി) തുടങ്ങിയ അത്ലറ്റുകള്‍ ഉയര്‍ന്നുവന്നത് ഈ കാലഘട്ടം സൃഷ്ടിച്ച കായികതരംഗത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്. ആ കാലഘട്ടത്തില്‍ വോളിബോള്‍ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു സി.വി.അബ്ദുള്ള മാസ്റ്റര്‍, പുതിയകത്ത് ബാവഹാജി, പി.കെ.മുഹമ്മദ്, സി.പി.മുഹമ്മദ്, സി.എം.ടി.അബ്ദുറഹിമാന്‍ എന്നിവര്‍. കേരളത്തിന്റെ സാംസ്കാരികത്തനിമ കാത്തുസൂക്ഷിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും വെട്ടത്തുനാട്ടില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു. സ്ത്രീപുരുഷന്‍മാര്‍ ഒന്നിച്ചു നൃത്തം ചവിട്ടി ആര്‍ത്തുല്ലസിക്കുന്ന “കൂളി ഉത്സവം” പച്ചാട്ടിരിക്കാരുടെ മതിലുകളില്ലാത്ത സാംസ്കാരിക ബോധത്തിന്റെ ഉദാഹരണമാണ്. ആലിശ്ശേരിയിലെ ആലുങ്ങല്‍ ഉത്സവത്തില്‍ ഉറഞ്ഞുതുളളുന്നത് ഒരു സ്ത്രീ വെളിച്ചപ്പാടാണ്.